ആത്മഹത്യക്കു ശ്രമിച്ച യുവതിയെ രക്ഷിച്ചതെന്തിനെന്ന് പൊലീസ്; മാനസിക വിഭ്രാന്തിയുള്ളവരുമായി വരാന്‍ പാടില്ലെന്നും; അശ്വതി നായര്‍ അധികാരികള്‍ക്ക് മാതൃകയാകട്ടെ

ASWATHY NAIRആത്മഹത്യക്കുശ്രമിച്ച അന്യസംസ്ഥാനക്കാരിയെ രക്ഷിച്ചതിന് പൊലീസിന്റെ പഴി. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയയായ നിയമവിദ്യാര്‍ത്ഥിനി അശ്വതി നായര്‍ക്കാണ് ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിന് പൊലീസിന്റെ പഴി കേള്‍ക്കേണ്ടി വന്നത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നതിനാണ് അശ്വതി പൊലീസിന്റെ സഹായം തേടിയത്. ഇതിനായി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി. എന്നാല്‍ വനിതാ പൊലീസ് ഇല്ലെന്നു പറഞ്ഞ് ഇവരെ ഒഴിവാക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ ശ്രമം. ഇത്തരം ആളുകളെയും കൂട്ടി സ്‌റ്റേഷനിലേക്കു വരരുതെന്നായിരുന്നു പൊലീസിന്റെ നിര്‍ദ്ദേശം,

മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കണമെങ്കില്‍ യുവതിയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കണം. ഇതിനാണ് പൊലീസ് സഹായം തേടി യുവതിയെയും കൂട്ടി അശ്വതി സ്റ്റേഷനിലെത്തിയത്. സഹായം ലഭിക്കാതെ വന്നപ്പോള്‍ യുവതിയെയും കൂട്ടി അശ്വതി മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനുമുന്നില്‍ കുത്തിയിരുന്നു. സിറ്റി പൊലീസ് കമ്മീഷണറെയും ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവുമുണ്ടായില്ല. സംഭവമറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ എത്തിത്തുടങ്ങിയപ്പോഴാണ് ഒരു വനിതാ പൊലീസ് യുവതിയെ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ ഇറങ്ങി വന്നത്. അവസാനം ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കാന്‍ പൊലീസിന് അശ്വതിയുടെ സഹായം വേണ്ടി വന്നു. രാത്രി ഏഴോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധിപ്പിച്ച ശേഷം യുവതിയെയും കൂട്ടി അശ്വതി മജിസ്‌ട്രേറ്റിനുമുന്നിലെത്തിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആരോരുമില്ലാതെ തെരുവില്‍ അലഞ്ഞുതിരിയുന്ന ആളുകള്‍ക്ക് പതിവു പോലെ ഭക്ഷണം നല്കാനിറങ്ങിയപ്പോഴാണ് അന്യസംസ്ഥാനക്കാരി അശ്വതിയുടെ ശ്രദ്ധയില്‍ പെട്ടത്. ഉപ്പിലാംമൂട് പാലത്തിനുമുകളില്‍ നിന്ന് ട്രെയിനിനുമുന്നിലേക്ക് ചാടി ആത്മഹത്യയ്ക്കുശ്രമിച്ച യുവതിയെ അശ്വതി പിന്തിരിപ്പിച്ചു. ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ യുവതിയെ അനുനയിപ്പിച്ച് തമ്പാനൂര്‍ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഇതിനിടയില്‍ വഞ്ചിയൂര്‍ സ്റ്റേഷനിലെ പൊലീസുകാരുടെ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല.

തിരുവനന്തപുരം കോവളം റോഡിനടുത്താണ് അശ്വതി നായരുടെ വീട്. പേരൂര്‍ക്കട ലോ അക്കാദമിയില്‍ എല്‍ എല്‍ ബി ക്കു പഠിക്കുന്നതോടൊപ്പം മെഡിക്കല്‍ റപ്രസന്റേറ്റീവ് ആയി ജോലി ചെയ്യുന്നുമുണ്ട്. എല്ലാ ദിവസവും അഗതികളായവര്‍ക്ക് അശ്വതി ഭക്ഷണം നല്കി വരുന്നു. അശ്വതിക്ക് പിന്തുണയുമായി സഹോദരി രേവതിയും അമ്മയും അമ്മൂമ്മയുമുണ്ട്.